കോഴിക്കോട്: സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫീസറെ ആക്രമിച്ച് പരുക്കേൽപ്പിച്ചു.
തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ. സജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡുമായി ചേർന്ന് കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വാണിജ്യ അളവിൽ ലഹരിമരുന്ന് കൈവശം വെച്ചതിനാണ് കേസെടുത്തത്.
നിരവധി ലഹരിക്കേസുകളിൽ പ്രതിയായ സാക്കിറ, കാളികാവ് എക്സൈസ് റേഞ്ചിൽ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലും കൽപ്പറ്റ എക്സൈസ് റേഞ്ചിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വെച്ച കേസിലും പ്രതിയാണ്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും എംഡിഎംഎയുമായി പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാർ, പ്രിവന്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഓഫീസർമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
