മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് ഷംന കെ.ക്ക്

കൽപ്പറ്റ: വനിതാ ശിശു വികസന വകുപ്പിന്റെ 2025–26 വർഷത്തെ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡിന് കൽപ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഷംന കെ. അർഹയായി.

സ്ത്രീകൾക്കും കുട്ടികൾക്കുമായി അങ്കണവാടികളിലൂടെ നടപ്പിലാക്കിയ വിവിധ നൂതന പ്രവർത്തനങ്ങളാണ് ഷംനയെ അവാർഡിന് അർഹയാക്കിയത്. കൃത്രിമ മധുരം ഒഴിവാക്കുന്നതിനായി ആരംഭിച്ച ‘നോ മിഠായി ക്യാമ്പയിൻ’, പ്രീ സ്കൂൾ കുട്ടികൾക്കായുള്ള പുസ്തക സമാഹരണ യജ്ഞമായ ‘പുസ്തകവട്ടി’, കുട്ടികൾക്ക് കൃഷിപാഠം പകരുന്നതിനായി ആരംഭിച്ച ‘കുട്ടിവിത്ത് ബാങ്ക്’, കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്തുന്നതിനായി രൂപം നൽകിയ ‘ആകാശമിഠായി’ ആർട്ട് ചലഞ്ച് എന്നിവ ശ്രദ്ധേയമായ പദ്ധതികളാണ്.

സ്വീപ് വയനാടിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി അങ്കണവാടി തലത്തിൽ നടത്തിയ പരിപാടികൾ, എസ്.ടി. ഉന്നതികൾ കേന്ദ്രീകരിച്ചുള്ള പോഷക പാചക പഠന ക്ലാസുകൾ, ജാഗ്രതാ സമിതിയുമായി ബന്ധപ്പെട്ട സ്ത്രീ ശാക്തീകരണ പരിപാടികൾ എന്നിവയും പുരസ്കാര നേട്ടത്തിന് വഴിയൊരുക്കി.

വകുപ്പ് നിർദേശിച്ച പരിപാടികളുടെ ഫലപ്രദമായ നടത്തിപ്പ്, വാർഷിക പദ്ധതി നിർവഹണം, അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ എന്നിവയിലും ഷംന മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

2021ൽ ജോലിയിൽ പ്രവേശിച്ച ഷംന വേങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിച്ച ശേഷം നിലവിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്. പടിഞ്ഞാറത്തറ സ്വദേശിയാണ്.

അരീക്കോട് ഐ.സി.ഡി.എസിലെ അങ്കണവാടി വർക്കർ മൈമൂനയുടെയും അബ്ദുൾ സമദിന്റെയും മകളാണ്. ഭർത്താവ് ജിജിത്ത് സി. പോൾ. മകൾ ജഹനാര ഗലിയ.

Leave a Reply

Your email address will not be published. Required fields are marked *