ആദിവാസി തൊഴിലാളികൾക്ക് മദ്യം നൽകി തൊഴിൽ ചൂഷണം; മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: ആദിവാസി തൊഴിലാളികൾക്ക് മദ്യം നൽകി തൊഴിൽ ചൂഷണം നടത്തുകയും മദ്യവിൽപ്പന നടത്തുകയും ചെയ്തിരുന്ന മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ. വടുവൻചാൽ കോട്ടൂർ സ്വദേശി തകിടിയിൽ വീട്ടിൽ എൽദോ ടി.ജി.യെയാണ് ബത്തേരി എക്സൈസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി ഒന്നിന് ഡ്രൈ ഡേ ദിനത്തിൽ അമ്പലവയൽ വടുവൻചാൽ തമിഴ്നാട് അതിർത്തി മേഖലയായ കോട്ടൂരിൽ ആദിവാസി തൊഴിലാളികൾക്കും മറ്റും വിൽക്കാനായി സൂക്ഷിച്ച മദ്യം എക്സൈസ് പിടികൂടിയിരുന്നു. അന്ന് എക്സൈസ് സംഘത്തെ കണ്ട് എൽദോ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇയാൾക്കെതിരെ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയതിന് അബ്കാരി കേസെടുത്തിരുന്നു.

നിരവധി അബ്കാരി കേസുകളിൽ പ്രതിയായ എൽദോ എക്സൈസിന്റെ പിടിയിൽപ്പെടാതെ തമിഴ്നാട് അതിർത്തി മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു. എക്സൈസ് സംഘം തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.

ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് മദ്യം നൽകി തൊഴിൽ ചൂഷണം നടത്തിയിരുന്ന ഇയാൾ കൂലിയായും മറ്റും മദ്യം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ബത്തേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിചാലിൽ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, രജീഷ് രായരോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവൻ കെ.വി., അജയ് കെ., ഡ്രൈവർ സിവിൽ എക്സൈസ് ഓഫീസർ അൻവർ സാദത്ത് എൻ.എം. എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *