വാഹന നികുതി 40 ശതമാനം മാത്രം അടച്ച് ഒറ്റത്തവണ തീർപ്പാക്കാൻ അവസരവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമായി മോട്ടോർ വാഹന വകുപ്പിന്റെ (MVD) പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നിലവിൽ വന്നു കഴിഞ്ഞ 2026 മാർച്ച് 31-ൽ നാല് വർഷമോ അതിൽ കൂടുതലോ ആയി വാഹന നികുതി കുടിശ്ശിക വരുത്തിയ ഉടമകൾക്ക് ഈ പദ്ധതിയിലൂടെ അപേക്ഷ സമർപ്പിച്ച് ബാധ്യതകൾ തീർപ്പാക്കാം.

പദ്ധതിയുടെ പ്രധാന നിബന്ധനകളും ആനുകൂല്യങ്ങളും:
നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ ആകെ നികുതി കുടിശ്ശികയുടെ (ഇതിൽ പിഴയും പലിശയും പൂർണ്ണമായി ഉൾപ്പെടെ) വെറും 40% തുക മാത്രം അടച്ച് ഈ സ്കീം പ്രയോജനപ്പെടുത്താം.

ട്രാൻസ്പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) വെറും 30% തുക മാത്രം അടച്ചാൽ മതിയാകും.

പ്രത്യേക ഇളവുകൾ: ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്ന് വാഹന ഉടമകൾക്ക് പൂർണ്ണമായ ഇളവ് ലഭിക്കുന്നതാണ്.

റവന്യൂ റിക്കവറി ഒഴിവാക്കാം: നിലവിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്ക്, നിശ്ചിത ഇളവ് ലഭിച്ച് കുടിശ്ശിക തുകയോടൊപ്പം യഥാർത്ഥ കളക്ഷൻ ചാർജുകൾ കൂടി അടച്ച് ഇത്തരം നിയമനടപടികൾ വേഗത്തിൽ അവസാനിപ്പിക്കാം.
നശിച്ചുപോയ വാഹനങ്ങൾക്ക് പ്രത്യേക നികുതി ആശ്വാസം: ഏതെങ്കിലും കാരണത്താൽ മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചുവിറ്റതോ, പൂർണ്ണമായും കത്തിയതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ കാര്യത്തിൽ ആധികാരിക രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചാൽ, ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത പൂർണ്ണമായി ഒഴിവാക്കി നൽകും.

കർശന വ്യവസ്ഥകൾ: ഇത്തരത്തിലൊരു ഇളവ് ഇനി ഭാവിയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നതല്ല. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തുടർന്നുള്ള വർഷങ്ങളിൽ കൃത്യമായി നികുതി അടയ്ക്കേണ്ടതാണ്. ഒരു കാരണവശാലും വീണ്ടും നികുതി കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ യാതൊരുവിധ ഇളവുകളും ലഭിക്കില്ല. കൂടാതെ, ഉപയോഗ ശൂന്യമായതോ മോഷ്ടിക്കപ്പെട്ടതോ പൊളിച്ചു വിട്ടതോ ആയ കാരണത്താൽ നികുതി ബാധ്യത ഒഴിവാക്കി ആനുകൂല്യം നേടിയ വാഹനം പിന്നീട് എപ്പോഴെങ്കിലും നിരത്തിലിറക്കുന്നതായി കണ്ടെത്തിയാൽ, 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും ഉയർന്ന പിഴയും പലിശയും സഹിതം സർക്കാരിലേക്ക് ഒടുക്കേണ്ടി വരും.

അവസാന തീയതി: ഈ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2027 മാർച്ച് 31 വരെയാണ്

Leave a Reply

Your email address will not be published. Required fields are marked *