സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ കൃഷിഭവനിലും പോസ്റ്റ് ഓഫീസിലും മോഷണം നടത്തിയ മോഷ്ടാവ്, ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പും എഴുതി വെച്ചു. രണ്ട് ഓഫീസുകളുടെയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
കൃഷിഭവനിലെ ഓഫീസറുടെ മേശയിൽ സൂക്ഷിച്ചിരുന്ന 30 പേനകളും പോസ്റ്റ് ഓഫീസിൽ നിന്ന് അഞ്ച് പാർസലുകളും മൂന്ന് ഇലക്ഷൻ ഐഡി കാർഡുകളും നഷ്ടപ്പെട്ടു. രണ്ടിടത്തും മേശപ്പുറത്ത് മോഷ്ടാവ് എഴുതിയ കുറിപ്പുകൾ കണ്ടെത്തി.
കൃഷിഭവനിൽ ജീവനക്കാരി ഓഫീസ് തുറക്കാനെത്തിയ ഇന്നലെ രാവിലെയാണ് വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് കൃഷി ഓഫീസറും ജീവനക്കാരും സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. പോലീസ് പരിശോധനയിലാണ് മേശയിൽ സൂക്ഷിച്ചിരുന്ന പേനകൾ നഷ്ടപ്പെട്ടതും മോഷ്ടാവ് എഴുതിയ കുറിപ്പ് കണ്ടെത്തിയതും. കൃഷിഭവനിൽ ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും മോഷണശ്രമം നടന്നിരുന്നു.
ഗുരു നാനാക്ക് ജയന്തി പ്രമാണിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ പോസ്റ്റ് ഓഫീസ് ഇന്നലെ തുറന്നിരുന്നില്ല. രാവിലെ 11 മണിയോടെയാണ് പോസ്റ്റ് ഓഫീസിൽ മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ട നാട്ടുകാർ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ ഫയലുകളും പാർസലുകളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
നഷ്ടപ്പെട്ട അഞ്ച് പാർസലുകളും മൂന്ന് ഇലക്ഷൻ ഐഡി കാർഡുകളും അധികൃതർ സ്ഥിരീകരിച്ചു. നൂൽപ്പുഴ പോലീസും പോസ്റ്റൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൃഷിഭവനിൽ തുടർച്ചയായി മോഷണശ്രമങ്ങളും പോസ്റ്റ് ഓഫീസിൽ മോഷണവും നടന്നതോടെ പ്രദേശത്ത് ആശങ്കയേറി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി നെന്മേനി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
