കൽപ്പറ്റ വൈ.എം.സി.എയിൽ അഖിലലോക പ്രാർത്ഥനാവാരത്തിന് തുടക്കമായി

കൽപ്പറ്റ: വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖിലലോക പ്രാർത്ഥനാവാരത്തിന് കൽപ്പറ്റ വൈ.എം.സി.എയിൽ തുടക്കമായി. നവംബർ 8 മുതൽ 14 വരെ ഒരാഴ്ച നീളുന്ന പ്രാർത്ഥനാവാരം ‘ഇത്തരമൊരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത്’ (Called for Such a Time as This) എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്.

പ്രാർത്ഥനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചുണ്ടേൽ എസ്റ്റേറ്റ് മാനേജർ ഫാ. ഫ്രാൻസൺ ചേരമാൻകുന്നേൽ നിർവഹിച്ചു. തുടർന്ന് അദ്ദേഹം വചനസന്ദേശം നൽകി. എസ്ഥേർ 4:14-നെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ പ്രമേയം, സമകാലിക സമൂഹത്തിലെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ധൈര്യത്തോടെയും കരുണയോടെയും നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.

പ്രാർത്ഥന വാക്കുകളിലും ആരാധനാ സമ്മേളനങ്ങളിലും മാത്രം ഒതുങ്ങാതെ ജീവിതത്തിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കണമെന്നും വിശ്വാസം സേവനത്തിലേക്കും സാമൂഹിക ഉത്തരവാദിത്വത്തിലേക്കും വളരണമെന്നും ചടങ്ങിൽ ഓർമ്മിപ്പിച്ചു.

കൽപ്പറ്റ വൈ.എം.സി.എ പ്രസിഡന്റ് പ്രൊഫ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ കെ.ഐ. വർഗീസ് സ്വാഗതവും സെക്രട്ടറി സി.എച്ച്. സ്റ്റാൻലി നന്ദിയും പറഞ്ഞു. അംഗങ്ങളായ ജോണി പാറ്റാനി, ഡോ. വി.എം. ജോസ്, ജൂലി സിബി, സൂസൻ വർഗീസ് എന്നിവർ ആശംസകൾ നേർന്നു.

നവംബർ 14 വരെ നീളുന്ന പ്രാർത്ഥനാവാരത്തിൽ പ്രമേയാധിഷ്ഠിതമായ വചനചിന്തകളും പ്രാർത്ഥനകളും ആത്മീയ കൂട്ടായ്മകളും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *