പനമരം: ബീവറേജ് റോഡിൽ ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്ന് അശ്രദ്ധമായി ബൈക്ക് റോഡിലേക്ക് എടുത്തതിനെ തുടർന്ന് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഓട്ടോറിക്ഷ പൂർണമായും തകർന്നു. അപകടത്തിൽ മറ്റൊരു ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു.
റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് ഈ പ്രദേശത്ത് പതിവാണ്. ചില സമയങ്ങളിൽ ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾ മണിക്കൂറുകളോളം റോഡിന്റെ ഇരുവശങ്ങളിലും നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.
സ്വകാര്യ ആശുപത്രികളിലേക്കും മറ്റുമായി ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. റോഡിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
