മാനന്തവാടി: മാനന്തവാടി പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി എൻക്വയറി ഓഫീസ് കോഴിക്കോട് റോഡിലെ നിലവിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ പുനഃസ്ഥാപിക്കണമെന്നും ബസുകളുടെ സമയപ്പട്ടിക പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി .
അന്തർസംസ്ഥാന, അന്തർജില്ലാ സർവീസുകൾ ഉൾപ്പെടെ നിരവധി ബസുകൾ എത്തിച്ചേരുന്ന പ്രധാന കേന്ദ്രമാണ് മാനന്തവാടി. ദിവസേന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന താൽക്കാലിക ബസ് സ്റ്റാൻഡിൽ ബസ് സമയങ്ങൾ, റൂട്ട് വിവരങ്ങൾ, സർവീസുകളിലെ മാറ്റങ്ങൾ എന്നിവ അറിയാനുള്ള സൗകര്യമില്ലാത്തത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.
എൻക്വയറി ഓഫീസ് പുനഃസ്ഥാപിക്കുന്നതിനൊപ്പം വിവിധ സർവീസുകളുടെ സമയപ്പട്ടികയും റൂട്ട് വിവരങ്ങളും വ്യക്തമായി വായിക്കാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. സംസാരിക്കാൻ പ്രയാസമുള്ളവർക്കും കേൾവിപരിമിതർക്കും അപരിചിത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഇത് ഏറെ പ്രയോജനകരമാകും. യാത്രക്കാർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും.
യാത്രക്കാരുടെ സൗകര്യവും അവകാശവും പരിഗണിച്ച് എൻക്വയറി ഓഫീസ് പുനഃസ്ഥാപിക്കാനും ബസ് സമയപ്പട്ടിക പ്രദർശിപ്പിക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
