കൽപ്പറ്റ: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം. കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗവും കൽപ്പറ്റ നഗരസഭാ സി.ഡി.എസും സംയുക്തമായി ജി.പി.പി. മാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിലാണ് ലഹരിവിരുദ്ധ സന്ദേശം മുഖ്യവിഷയമായത്.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ‘മാതൃസ്പർശം: ലഹരിക്കെതിരെ സ്നേഹത്തിന്റെ പ്രതിരോധം’ എന്ന വിഷയത്തിൽ ലഹരിവിരുദ്ധ സെമിനാർ അവതരിപ്പിച്ചു. ലഹരിയുടെ കാണാപ്പുറങ്ങളെക്കുറിച്ചും പുതുതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുടുംബശ്രീ പ്രവർത്തകർക്ക് ഓരോ വീടുകളിലും സമൂഹത്തിലും ലഹരിക്കെതിരെ ശക്തമായ കാവലാളുകളായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശീലന പരിപാടി കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ സഫിയ അസീസ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. വർഗീസ്, ജെൻഡർ പ്രോഗ്രാം മാനേജർ ആശ പോൾ, നാടൻപാട്ട് കലാകാരൻ പി.ടി. മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു.
നഗരസഭാ മെമ്പർ സെക്രട്ടറി സി.എസ്. ബിജു സ്വാഗതവും സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ബീന രതീഷ് നന്ദിയും പറഞ്ഞു.
