ലഹരിക്കെതിരെ ഐക്യദാർഢ്യ സംഗമം നടത്തി

കൂളിവയൽ: ലഹരിക്കെതിരെ ജനജാഗ്രത വളർത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കൂളിവയൽ ശാഖയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. കേരളത്തിൽ ലഹരിമാഫിയക്കെതിരെ ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ക്യാമ്പയിന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം സംഗമം ഉദ്ഘാടനം ചെയ്തു. ലഹരിമുക്ത നാടിനായി എല്ലാവരും കൈകോർക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നാട്ടിൽനിന്നും വ്യക്തിജീവിതത്തിൽനിന്നും ലഹരി എന്ന മഹാവിപത്തിനെ തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പൂർണമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പനമരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് നിലമ്പനാട്ട്, മൂന്നാം വാർഡ് മെമ്പർ പൂളക്കൽ ബാലൻ, മഹല്ല് ഖത്തീബ് ഹാഫിള് മുബഷിർ ഫൈസി നെല്ലിയമ്പം, മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഉമ്മർ ഹാജി കേളോത്ത്, സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ പുതുക്കുടി എന്നിവർ ആശംസകൾ നേർന്നു.

എസ്.കെ.എസ്.എസ്.എഫ് പനമരം മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ മൗലവി, ട്രഷറർ മമ്മൂട്ടി കകാടൻ, ഇമാം ഗസ്സാലി അക്കാദമി കോളേജ് പ്രിൻസിപ്പൽ അബ്ദുൽ കബീർ ഫൈസി, അബ്ദുൽ ഹക്കീം, ഹാഷിം പുതിയവീട്ടിൽ, ഹൈദരലി കെ.വി., നദീം മുക്രി എന്നിവർ പങ്കെടുത്തു.

ഷിഹാസ് ഫൈസി സ്വാഗതവും ഹിഷാം രണ്ടിലോൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *