അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ മധ്യവയസ്കൻ പിടിയിലായി. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസിനെയാണ് (56) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി. ടി. മനോഹരന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറമ്പിൽ ചാക്കിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഇയാളിൽനിന്ന് 8.35 ഗ്രാം ഉണക്കക്കഞ്ചാവും 6 ഗ്രാം കഞ്ചാവിന്റെ വിത്തുകളും പിടിച്ചെടുത്തു. അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
