മടക്കിമല മെഡിക്കൽ കോളേജിനായി ശക്തമായ സമരപരിപാടികളുമായി കൽപ്പറ്റ ആക്ഷൻ കമ്മിറ്റി

കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കൽപ്പറ്റ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി യൂണിറ്റ് രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരിച്ചത്.

അഡ്വ. യു.വി. ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹൈദ്രു എന്നിവർ രക്ഷാധികാരികളായും അബ്ദുൾ റഹ്മാൻ കുട്ടി ഹാജി ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ഹംസക്കുട്ടി അമ്പലപ്പുറം, റഫീഖ് കുമ്മാളി, ഹാരിസ് ഒ.എം., മർസൂർ മേപ്പാടി എന്നിവർ വൈസ് ചെയർമാന്മാരാകും. സെന്തിൽ പി., റോയി കെ.പി., പ്രജിത്ത് പി. എന്നിവർ ജനറൽ കൺവീനർമാരായും അയൂബ് പയന്തോത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കോസ്മോപൊളിറ്റൻ ക്ലബ്, വൈസ്മെൻ ക്ലബ്, റോട്ടറി ക്ലബ്, ഓഫീസേഴ്സ് ക്ലബ്, ഓയിസ്ക ഇന്റർനാഷണൽ, വയനാട് ബൈസിക്കിൾ റൈഡേഴ്സ്, വൈ.എം.സി.എ. ക്ലബ്, സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

ഉമ്മൻചാണ്ടി വയനാടിന് നൽകിയ ഉപഹാരമാണ് മെഡിക്കൽ കോളേജെന്നും അത് മടക്കിമലയിൽ സ്ഥാപിക്കുന്നതുവരെ കൽപ്പറ്റയിലെ യുവാക്കൾ വിശ്രമിക്കരുതെന്നും യൂണിറ്റ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുട്ടി ഹാജി പറഞ്ഞു.

മെഡിക്കൽ കോളേജ് വിഷയത്തിൽ മാനന്തവാടി നഗരസഭാ ചെയർമാനെതിരെ വിമർശനമുന്നയിച്ച ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പ് കുട്ടി, ഭൂമി സംബന്ധിച്ച വാഗ്ദാനങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രസ്തുത ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ തടസ്സങ്ങളുണ്ടെന്നും ആരോപിച്ചു. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൽപ്പറ്റയിലെ യുവാക്കൾ ഉറങ്ങുമ്പോൾ അവരുടെ അവകാശങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും കൺവീനർ മൊയ്തു കാവുങ്ങൽ പറഞ്ഞു. കൽപ്പറ്റയിലെ ജനപ്രതിനിധികൾ മൗനം വെടിഞ്ഞ് ഉമ്മൻചാണ്ടിയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകണമെന്ന് അഡ്വ. കെ. ബാബു ആവശ്യപ്പെട്ടു.

ഇക്ബാൽ മുട്ടിൽ, ലത്തീഫ് പഞ്ചാര, കാദർ മടക്കിമല എന്നിവർ സംസാരിച്ചു. അടുത്ത വ്യാഴാഴ്ച കൽപ്പറ്റയിൽ പൊതുയോഗവും ധർണയും നടത്താൻ യോഗം തീരുമാനിച്ചു.

ഖാലിദ് പി. സ്വാഗതവും പ്രജിത്ത് പി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *