ഡ്രൈ ഡേയിൽ 38 ലിറ്റർ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ കുപ്പാടി സ്വദേശി എമിൽ അഗസ്റ്റിൻ (44) അറസ്റ്റിലായി.
സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് മദ്യം പിടികൂടിയത്.
സുൽത്താൻ ബത്തേരി കുപ്പാടി വില്ലേജിലെ വീട്ടിന്റെ പിൻവശത്തെ ചായ്പ്പിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. വിൽപ്പനയ്ക്കായി അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിന് എമിൽ അഗസ്റ്റിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരായ രഘു വി., രഘു എം.എ., അനീഷ് ഇ.എസ്., സുദിവ്യബായ്, ഡ്രൈവർ പ്രസാദ് കെ. എന്നിവരും സംഘത്തിലുണ്ടായിരുന്നു.
