ലക്കിടി: ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ സ്വകാര്യ ആശുപത്രി ഡോക്ടറും അറസ്റ്റിലായി.
കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായിരുന്ന മലപ്പുറം മൊറയൂർ സ്വദേശി ലൗ ഡെൽ വീട്ടിൽ ഡോ. കെ.എൻ. മുഹമ്മദ് ഫാബിൻ (41) ആണ് അറസ്റ്റിലായത്. വയനാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ നൗഫൽ, മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ 22ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ നൗഫലും ഡോ. മുഹമ്മദ് ഫാബിനും തമ്മിലുള്ള ഫോൺ കോളുകൾ, വാട്സ്ആപ്പ് ചാറ്റുകൾ, പണമിടപാട് വിവരങ്ങൾ എന്നിവ പരിശോധിച്ചതിലൂടെയാണ് ഡോക്ടർക്ക് കേസിലുള്ള പങ്കിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ പി.ജി. രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മണാശേരിയിലെ വാടകവീടിന് സമീപത്തുനിന്നാണ് വൈത്തിരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് വൈത്തിരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.
