ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി

കുമളി∙ ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിലെടുത്തു.

രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ രാമനാഥപുരം സ്വദേശി കാളീശ്വരനായുള്ള (34) പൊലീസ് അന്വേഷണം തുടരുകയാണ്.

ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ 2 കാറുകളിലുമായി 2 കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 190 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതേത്തുടർന്ന് കഞ്ചാവും കടത്താൻ ഉപയോഗിച്ച 2 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും, സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *