കൽപറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കൽപറ്റയിൽ ‘ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ്’ പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശാനുസരണം കേരള ഒളിമ്പിക് അസോസിയേഷന്റെയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
2036-ലെ ഒളിമ്പിക്സ് ഇന്ത്യക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് വൃക്ഷതൈ നടീൽ സംഘടിപ്പിച്ചത്. “1000 കായിക താരങ്ങൾ, 1000 വൃക്ഷതൈകൾ” എന്ന മുദ്രാവാക്യവുമായി വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പദ്ധതി നടപ്പാക്കും. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പരിപാടിയിൽ പങ്കാളികളാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എസ്.കെ.എം.ജെ സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ എം. വിവേകാനന്ദൻ സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ പദ്ധതി വിശദീകരിച്ചു. കൽപറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് മുഖ്യാതിഥിയായി.
ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹാഷിഫ് കോലോത്ത്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഗോപകുമാർ വർമ്മ, ജോയിന്റ് സെക്രട്ടറി സുബൈർ ഇളകുളം, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് വിജയി ടീച്ചർ എന്നിവരും വിവിധ കായിക സംഘടനാ ഭാരവാഹികളായ ഗിരീഷ് പെരുന്തട്ട, ലൂക്കാ ഫ്രാൻസിസ്, സതീഷ് കുമാർ ടി, സിദ്ധീഖ്, ഷിബു കുറുമ്പേ മഠം, ജ്യോതിഷ് കുമാർ എന്നിവരും സംസാരിച്ചു.
