ലഹരിക്കെതിരെ ഉന്നം പിടിക്കാം; ഫ്ലവർ ഷോയിൽ എക്സൈസ് വിമുക്തിയുടെ ബോധവൽക്കരണം ശ്രദ്ധേയമാകുന്നു


​അമ്പലവയൽ :പുഷ്പമേളയുടെ വർണ്ണക്കാഴ്ചകൾക്കിടയിൽ ലഹരിക്കെതിരെയുള്ള പോരാട്ടവുമായി എക്സൈസ് വിമുക്തി മിഷന്റെ സ്റ്റാൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. വൈവിധ്യമാർന്ന മത്സരങ്ങളിലൂടെയും പരിപാടികളിലൂടെയും ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് വിമുക്തി മിഷൻ.
​ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഒരുക്കിയ ‘മാഗ്നറ്റിക് ഡാർട്ടിൽ ഉന്നം പരീക്ഷിക്കൽ’ മത്സരത്തിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ലഹരിയെന്ന വിപത്തിനെ ജീവിതത്തിൽ നിന്ന് എറിഞ്ഞകറ്റുക എന്ന സന്ദേശമാണ് ഈ ഉന്നം പരീക്ഷിക്കലിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ലഹരിയുടെ ഭീകരത തുറന്നുകാട്ടുന്ന ‘കാപ്ഷൻ എഴുത്ത് മത്സരം’, ലഹരിമുക്ത സമൂഹത്തിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ‘സിഗ്നേച്ചർ ക്യാമ്പയ്ൻ’ (ഒപ്പുശേഖരണം) എന്നിവയും സ്റ്റാളിൽ സജീവമാണ്.
​മത്സരങ്ങളിൽ വിജയിക്കുന്നവർക്കും മികച്ച കാപ്ഷനുകൾ എഴുതുന്നവർക്കും വിമുക്തി മിഷന്റെ വകയായി ആകർഷകമായ നോട്ട് പുസ്തകവും പേനയുമാണ് സമ്മാനമായി നൽകുന്നത്. ലഹരിയുടെ വിപത്തുകളെക്കുറിച്ച് പുതുതലമുറയെ ബോധവൽക്കരിക്കാൻ ഇത്തരം വിനോദപരവും വിജ്ഞാനപ്രദവുമായ മത്സരങ്ങൾ സഹായിക്കുന്നുവെന്ന് ജനമൈത്രി എക്സൈസ് സ്ക്വാഡ് അധികൃതർ അറിയിച്ചു. പുഷ്പമേള സന്ദർശിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം വിമുക്തിയുടെ സ്റ്റാളിലെത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്.ജനമൈത്രി എക്സൈസ് മാനന്തവാടിയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ബാബു,പ്രിവൻ്റീവ് ഓഫീസർ കെ.അനിൽകുമാർ, വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുതലായവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.08/01/2026 ലെ മത്സര വിജയി വിളമ്പുകണ്ടം കാർമ്മൽ കോൺവെൻ്റ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജുവാന സൂസൺ ജോർജിന് റിട്ട.എക്സൈസ് ഇൻസ്പെക്ടർ പി.ഒ ജോബ് സമ്മാനം നൽകി. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *