പുൽപ്പള്ളി: ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച അംഗീകൃത ഷൂട്ടേഴ്‌സ് പാനലിന്റെ പുതുക്കിയ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.
സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനും അവയുടെ ജഡം കൃത്യമായ രീതിയിൽ സംസ്കരിക്കുന്നതിനുമുള്ള ചുമതലയാണ് പാനലിന് നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്.
ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരും വാർഡ് മെമ്പർമാരും യോഗത്തിൽ സംസാരിച്ചു.
