കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും. നടവയൽ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്മാൻ (28) നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (1) ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്.
മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐ.പി.സി, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്.
2021, 2022 വർഷങ്ങളിലാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. തുടർന്ന് കുട്ടി ഗർഭിണിയാകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
അന്നത്തെ മീനങ്ങാടി ഇൻസ്പെക്ടർ എം. സനൽ രാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ പ്രതി വിദേശത്തേക്ക് കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. 2024ൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
അന്നത്തെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ. സന്തോഷ് കുമാർ കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.
