തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പലയിടത്തും ഉഷ്ണതരംഗ സമാന സാധ്യത നിലനിൽക്കുന്നുണ്ട്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷ താപനില 37 ഡിഗ്രി സെൽഷ്യസും കടന്നു.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കത്തുന്ന ചൂടിന് അൽപം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. വെന്തുരുകുന്ന ചൂടിൽ നിന്ന് ആശ്വാസം തേടി സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുകയാണ്. ഇടവിട്ട് കിട്ടുന്ന വേനൽമഴയും 25 ഡിഗ്രിയോടടുത്ത അന്തരീക്ഷ താപനിലയുമാണ് മൂന്നാറിലെ കുളിർമ.
മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവിടങ്ങളിലാണ് സഞ്ചാരികളുടെ തിരക്ക്. പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നാണ് കൂടുതൽ പേർ എത്തുന്നത്.
എങ്കിലും മൂന്നാറിലും ചൂട് ഉയരുകയാണ്. കഴിഞ്ഞയാഴ്ച പകൽ പരമാവധി 30 ഡിഗ്രി രേഖപ്പെടുത്തി. പൊള്ളുന്ന ചൂടില്ലെന്നത് മാത്രമാണ് ആശ്വാസം.
2NEWSER WAYANAD
📞 വാർത്തകൾ: 790 7992 373
