സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായ കേസിൽ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.
കേസിൽ സബിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.
സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ സബിത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
അതേസമയം, സബിത്തിനെ കേസിൽ ബലിയാടാക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.
