തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂർ: സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. തൃശൂർ കോടശേരി ചായ്പൻകുഴി സർക്കാർ യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ തകർന്നുവീണത്. രാവിലെ 11 മണിയോടെയാണ് സംഭവം.

കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടസമയത്ത് വിദ്യാർഥികളോ അധ്യാപകരോ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സാധാരണ അധ്യയന ദിവസമായിരുന്നെങ്കിൽ വലിയ അപകടത്തിന് ഇടയാക്കിയേക്കാവുന്ന സാഹചര്യത്തിലാണ് അവധി രക്ഷയായത്.

സ്കൂളിനോട് ചേർന്ന് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാന നിർമിച്ചിരുന്നതായാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തകർച്ചയുമായി ബന്ധമുണ്ടോയെന്നത് പരിശോധിക്കേണ്ടതുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ അടിത്തറയെയോ ഘടനാപരമായ സുരക്ഷയെയോ ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അധികൃതർ പരിശോധിക്കുന്നത്. തകർന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗവും സുരക്ഷിതമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *