വാഹനങ്ങളുടെ മലിനീകരണ പരിശോധനയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വാഹനത്തിന്റെ എൻജിൻ നിലവാരവും പഴക്കവും അടിസ്ഥാനമാക്കിയാണ് ഇനി മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റായ പി.യു.സിയുടെ കാലാവധി നിശ്ചയിക്കുക. പുതിയ വ്യവസ്ഥകൾ പ്രകാരം പഴയ വാഹനങ്ങൾ കൂടുതൽ തവണ പുകപരിശോധനയ്ക്ക് ഹാജരാകേണ്ടിവരും.
ബി.എസ്-1, ബി.എസ്-2, ബി.എസ്-3 വിഭാഗങ്ങളിലുള്ള വാഹനങ്ങൾക്ക് മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തണം. പരിശോധനയിൽ യോഗ്യത നേടിയാൽ മാത്രമേ പി.യു.സി സർട്ടിഫിക്കറ്റ് പുതുക്കാനാകൂ. ബി.എസ്-4 വാഹനങ്ങൾക്ക് ആറുമാസമാണ് പരിശോധനയുടെ ഇടവേള. എന്നാൽ ആറു വർഷം വരെ പഴക്കമുള്ള സ്വകാര്യ ബി.എസ്-6 വാഹനങ്ങൾക്ക് മൂന്ന് വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.
2017 ഏപ്രിൽ ഒന്നിന് മുമ്പ് നിർമിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ മിക്ക വാഹനങ്ങളും ബി.എസ്-3 അല്ലെങ്കിൽ അതിന് താഴെയുള്ള വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.
