കൊച്ചി∙ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തിയെങ്കിലും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ജാമ്യം അനുവദിക്കുന്നതിന് കോടതി പരിഗണിച്ചത് എന്നാണ് കരുതുന്നത്. ഉത്തരവുമായി ബന്ധപ്പെട്ട വിധിന്യായം പുറത്തു വന്നാൽ മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ.
മദ്യം കണ്ടെത്തിയ കെട്ടിടം 2022 ൽ ബാങ്ക് ജപ്തി നടപടികൾ വഴി മറ്റൊരാൾക്ക് വിറ്റതാണെന്നും കഴിഞ്ഞ നാല് വർഷമായി ഈ വീടുമായി ആന്റോയ്ക്കു കൈവശാവകാശമോ ബന്ധമോ ഇല്ലെന്നുമാണു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ 2026 മാർച്ച് മാസത്തിലും ഈ കെട്ടിടത്തിന്റെ നികുതി അടച്ചിരിക്കുന്നത് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും വലിയ അളവിലുള്ള വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്താനും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാനും വിശദമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് അബ്കാരി കേസ് ഉയർന്നു വന്നത്. ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വൻതോതിൽ മദ്യശേഖരം കണ്ടെത്തുകയായിരുന്നു. തുടർന്നു വിവരം എക്‌സൈസ് വകുപ്പിനു കൈമാറുകയും എക്‌സൈസ് സംഘം കേസ് റജിസ്റ്റർ ചെയ്ത് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പരിശോധനയിൽ വീട്ടിൽനിന്ന് 43 ലീറ്ററിലധികം വിദേശ നിർമിത വിദേശമദ്യവും 4.8 ലീറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലീറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലീറ്റർ മിലിട്ടറി മദ്യം ഉൾപ്പെടെ ഏകദേശം 67 ലീറ്ററോളം മദ്യവും വൈനുമാണ് എക്സൈസ് പിടിച്ചെടുത്തത്. അബ്കാരി ആക്ടിലെ 55(ഐ), 55(എ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്.
