കണിയാമ്പറ്റ ഗവ.സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും സിഗ്നേച്ചർ ക്യാമ്പയ്നും

കണിയാമ്പറ്റ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും സിഗ്നേച്ചർ ക്യാമ്പയ്‌നും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന്റെയും സിഗ്നേച്ചർ ക്യാമ്പയ്‌ന്റെയും ഉദ്ഘാടനം എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നിർവഹിച്ചു.
​ലഹരി എന്ന വിപത്ത് വ്യക്തികളെ മാത്രമല്ല,ഒരു തലമുറയെയും സമൂഹത്തെയുമാണ് തകർക്കുന്നതെന്നും, വിദ്യാർഥി ജീവിതത്തിൽ അച്ചടക്കവും ജാഗ്രതയും പുലർത്തേണ്ടത് ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ലഹരിക്കെതിരെയുള്ള സന്ദേശവാഹകരായി സമൂഹത്തിൽ മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
​ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് സുമിത്ത് ശ്രീധർ സ്വാഗതം ആശംസിച്ചു.അധ്യാപകൻ പി.കെ.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ കൗൺസിലർ പി.എ.ഗ്രീഷ്‌മ,പി.ഉണ്ണികൃഷ്ണൻ, എം.സി.ബിൻസി,ആർ. ഗേളി,എം.എസ്.ജസ്ന, കെ.കൃഷ തുടങ്ങിയവർ ആശംസകൾ നേർന്നു. കെ.പി.അനുഷ നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരെയുള്ള വിദ്യാർഥികളുടെ ശക്തമായ പ്രതിജ്ഞാ പ്രഖ്യാപനമായി മാറിയ സിഗ്നേച്ചർ ക്യാമ്പയ്‌നിൽ സ്കൂളിലെ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *