ശ്രീ മാതാ അമൃതാനന്ദമയി ദേവി മാനന്തവാടിയിൽ; ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് നേതൃത്വം നൽകും

മാനന്തവാടി: ശ്രീ മാതാ അമൃതാനന്ദമയി ദേവി ഒക്ടോബർ 30-ന് മാനന്തവാടിയിലെത്തും. 2001-ൽ അമ്മ പ്രാണപ്രതിഷ്ഠ നിർവഹിച്ച ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് അമ്മ മുഖ്യകർമികത്വം വഹിക്കും. ഒൻപത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അമ്മ മാനന്തവാടിയിൽ സന്ദർശനം നടത്തുന്നത്.

ഒക്ടോബർ 30-ന് രാവിലെ 10 മണിയോടെ വേദിയിലെത്തുന്ന അമ്മയെ പൂർണകുംഭം നൽകി ആചാരവിധിപ്രകാരം സ്വീകരിക്കും. തുടർന്ന് പ്രമുഖ വ്യക്തികൾ ഹാരാർപ്പണം നടത്തും. അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം തുടങ്ങിയ പരിപാടികളും നടക്കും. തുടർന്ന് ഭക്തർക്ക് അമ്മയെ നേരിട്ട് ദർശിക്കാനുള്ള സൗകര്യമുണ്ടാകും.

ദർശനത്തിന് ടോക്കൺ സംവിധാനം

ദർശനത്തിനായി ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 30, 31 തീയതികളിൽ രാവിലെ 6.30 മുതൽ പരിപാടി നടക്കുന്ന സ്ഥലത്തെത്തുന്നവർക്ക് ടൈം കാർഡുകൾ വിതരണം ചെയ്യും. ആദ്യം എത്തുന്നവർക്ക് ആദ്യം ടോക്കൺ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ദർശനം ആരംഭിച്ചാൽ വേദിയുടെ ഇരുവശങ്ങളിലുമുള്ള ഡിസ്പ്ലേ ബോർഡുകളിൽ നമ്പർ പ്രദർശിപ്പിക്കുന്നതിനനുസരിച്ച് ഭക്തർക്ക് ദർശനം നടത്താം.

വിശേഷാൽ പൂജകൾ

രണ്ട് ദിവസവും രാവിലെ 5.30 മുതൽ ശ്രീലളിതാ സഹസ്രനാമാർച്ചന നടക്കും. ഒക്ടോബർ 30-ന് രാവിലെ ഏഴിന് രാഹുദോഷനിവാരണ പൂജയും 31-ന് രാവിലെ ഏഴിന് ശനിദോഷനിവാരണ പൂജയും നടത്തും. ഉദയാസ്തമയ പൂജ ഉൾപ്പെടെയുള്ള വിശേഷാൽ പൂജകൾക്കും ക്ഷേത്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പൂജകൾ നടത്താൻ താൽപര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അമ്മയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിശാലമായ പന്തലിന്റെയും മറ്റ് സൗകര്യങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. മഹോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകും. ഇരിപ്പിടങ്ങളിൽ മുഴുവൻ സമയവും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാന്റീൻ സൗകര്യവും ഉണ്ടായിരിക്കും.

മാനന്തവാടിയിലെ ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിനുശേഷം മൈസൂരിൽ നടക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി അമ്മ യാത്ര തിരിക്കും.

വാർത്താസമ്മേളനത്തിൽ ബ്രഹ്മ. ദീക്ഷിതാമൃത ചൈതന്യ, ബ്രഹ്മ. പൂജിതാമൃത ചൈതന്യ, എൻ. കെ. മന്മഥൻ, പി. കെ. സുധാകരൻ മേപ്പാടി, ഇ. കെ. ഗോപി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *