കാർഷികോൽപ്പാദക കമ്പനികൾക്ക് വയനാട്ടിൽ പുതിയ മുന്നേറ്റം

കൽപ്പറ്റ: കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ, വിപണന മേഖലയിൽ വയനാട്ടിൽ പുതിയ മുന്നേറ്റത്തിന് തുടക്കമാകുന്നു. വിവിധ കേന്ദ്ര-കേരള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.

കൃഷിവകുപ്പ്, നബാർഡ്, എസ്.എഫ്.എ.സി. എന്നിവയുടെ പ്രതിനിധികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനികളുടെ പ്രതിനിധികൾക്കും പുറമെ വിവിധ മേഖലകളിലെ പ്രതിനിധികളും ബിസിനസ് മീറ്റിൽ പങ്കെടുത്തു. വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന്റെയും കേരള എഫ്.പി.ഒ. എഫ്.പി.സി. കൺസോർഷ്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ 24 കാർഷികോൽപ്പാദക കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു.

വയനാട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശി മുഖ്യപ്രഭാഷണം നടത്തി. എഫ്.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടിൽ വിഷയാവതരണം നടത്തി. വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു.

ആത്മ പ്രോജക്ട് ഡയറക്ടർ മുഹമ്മദ് ഫൈസൽ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ.ആർ. ചിത്ര എന്നിവർ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

കൺസോർഷ്യം ജില്ലാ പ്രസിഡന്റ് അച്യുതൻ ചർച്ചകൾക്ക് നേതൃത്വം നൽകി. കൺസോർഷ്യം സി.ഇ.ഒ. പി.യു. സജി മോഡറേറ്ററായി. അലി ബ്രാൻ, ഒ.എ. വീരേന്ദ്രകുമാർ, സി.വി. ഷിബു, ഫാ. വർഗീസ് മറ്റമന തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *