*മാനന്തവാടി:* വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ പ്രധാന ഗേറ്റിന് മുന്നിൽ റോഡിലേക്ക് വൻ മരശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.
മെഡിക്കൽ കോളേജ് ഗേറ്റിന് സമീപമുണ്ടായിരുന്ന മരത്തിന്റെ വലിയ ശിഖരം കടപുഴകി റോഡിലേക്ക് പതിക്കുകയായിരുന്നു. KSEB ലൈനിന് മുകളിലേക്ക് വീണതിനെ തുടർന്ന് ഒരു ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞ് റോഡിൽ വീണു. ഇതോടെ മെഡിക്കൽ കോളേജിലേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് ഉടൻ സ്ഥലത്തെത്തി. അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഒ.ജി. പ്രഭാകരന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് എ, വിനു കെ.എം, ബിനീഷ് ബേബി, ആനന്ദ് ടി, ദീപത് ലാൽ, ഹോം ഗാർഡുമാരായ ജോബി പി.യു, ഷൈജറ്റ് മാത്യു എന്നിവർ ചേർന്ന് മരം മുറിച്ചുനീക്കി.
KSEB അധികൃതരും സ്ഥലത്തെത്തി വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ രാവിലെയോടെ ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചു. ആർക്കും പരിക്കില്ല
