വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിച്ച ആദ്യ ബാച്ച് വീടുകള്‍ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതർക്കായി നിർമ്മിക്കുൂന്ന മാതൃക ടൗണ്‍ഷിപ്പിന്റെ ഭാഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായതാണ് റിപ്പോർട്ട്. ദിവസേന ടൗണ്‍ഷിപ്പ് നിർമാണത്തിന്റെ ഭാഗമാവുന്നത് 1700 ലധികം തൊഴിലാളികളാണ്. പ്ലംമ്പിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. ഫെബ്രുവരിയില്‍ കൈമാറ്റം നടക്കേണ്ടതാല്‍ വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, ഷിയർ വാള്‍ പ്രവർത്തികളും പുരോഗമിക്കുകയാണ്. വീടുകള്‍ കൈമാറിയാല്‍ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തില്‍ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകള്‍ കൈമാറുക എന്നാണ് റിപ്പോർട്ട്.
