അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണം: ശിവസേന

കല്‍പ്പറ്റ: ജില്ലയില്‍ നിയമനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണമെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് സജിത്ത് കെ. നായര്‍, വൈസ് പ്രസിഡന്റ് അമല്‍ ടി. രവീന്ദ്രന്‍, യുവസേന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ്.ബി. നായര്‍ എന്നിവര്‍ ംവാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അനധികൃത സ്പാകള്‍ക്കും മസാജ് കേന്ദ്രങ്ങള്‍ക്കുമെതിരേ പോലീസ്, എക്‌സൈസ് അധികാരികള്‍ക്ക് പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
ദിവസവും നൂറുകണക്കിനു വിനോദസഞ്ചാരികള്‍ എത്തുന്ന ജില്ലയില്‍ അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ കൂണ്‍ പോലെ മുളയ്ക്കുകയാണ്. ഹോട്ടലുകള്‍, സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും കയറിയിറങ്ങുന്നത് അപൂര്‍വകാഴ്ചയല്ല. ഇത് സ്പാ, മസാജ് കേന്ദ്രങ്ങളില്‍ ലഹരിവസ്തുക്കളുടെ ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിന് ഇടയാക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ സ്പാ, മസാജ് കേന്ദ്രങ്ങളിലും പരിശോധന നടത്താനും നിയമാനുസൃതമല്ലാത്തവ അടപ്പിക്കാനും ബന്ധപ്പട്ടവര്‍ തയാറാകണം. അനധികൃത സ്പാ, മസാജ് കേന്ദ്രം നടത്തിപ്പുകാരെ നിയമത്തിനു മുമ്പില്‍ നിര്‍ത്തണം. ഇക്കാര്യത്തില്‍ ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ സമരത്തിനും നിയമപരമായ ഇടപെടലിനും ശിവസേന നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *