മകരവിളക്ക്; പത്തനംതിട്ടയില്‍ പ്രാദേശിക അവധി, ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലും അവധി

ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ പത്തനംതിട്ട ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, സർവകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടാവില്ല. അവശ്യ സർവീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ബാധകമല്ലെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയും തൈപ്പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരുന്നു.

ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടർ നാളെ (ജനുവരി 14) പ്രദേശിക അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച പഞ്ചായത്തുകള്‍ക്ക് കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നിവയാണ്. എന്നാല്‍ മുഴുവൻ വിദ്യാർത്ഥികളും താമസിച്ച്‌ പഠിക്കുന്ന റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റർവ്യൂകള്‍ക്കും മാറ്റമില്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈൻ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നിർബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മകരവിളക്ക് മഹോത്സവം കൂടുതല്‍ സുരക്ഷിതമായി നടത്തുന്നതിനായി വന വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാതയില്‍ സഞ്ചരിക്കുന്ന ഭക്തർക്ക് സുരക്ഷ ഉറപ്പാക്കാൻ പമ്പാനദിക്ക് സമീപം താല്‍ക്കാലിക നടപ്പാത നിർമ്മിച്ചിട്ടുണ്ട്. അപകട സാധ്യത കുറയ്ക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളില്‍ നിലവിലുള്ള സ്ഥിരം ഉദ്യോഗസ്ഥരോടൊപ്പം 120 അധിക ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *