ചെറ്റപ്പാലം–വെള്ളിയൂർക്കാവ് ബൈപാസ് റോഡ് ഉടൻ പുനർനിർമിക്കണം; എസ്.ഡി.പി.ഐ നിവേദനം നൽകി

മാനന്തവാടി: വർഷങ്ങളായി തകർന്നുകിടക്കുന്ന ചെറ്റപ്പാലം–വെള്ളിയൂർക്കാവ് ബൈപാസ് റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചെറ്റപ്പാലം ബ്രാഞ്ച് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്കും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർക്കും നിവേദനം നൽകി.

മാനന്തവാടി നഗരസഭയിലെ അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാന ബൈപാസ് റോഡ് വാഹനയാത്രയ്ക്കുപോലും കാൽനടയാത്രയ്ക്കുപോലും പ്രയാസമാകുന്ന തരത്തിൽ തകർന്നിരിക്കുകയാണ്. വിദ്യാർഥികൾ, രോഗികൾ, വയോധികർ ഉൾപ്പെടെ നിരവധി പേരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. മഴ പെയ്താൽ റോഡ് ചെളിക്കുളമാകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

കർണാടക, കണ്ണൂർ ഭാഗങ്ങളിൽനിന്ന് മാനന്തവാടി ടൗണിൽ പ്രവേശിക്കാതെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന പ്രധാന പാതയാണിത്. വെള്ളിയൂർക്കാവ് ഉത്സവകാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വൺവേ സംവിധാനം ഏർപ്പെടുത്തുന്നതും ഈ ബൈപാസ് വഴിയാണ്.

റോഡ് നിർമാണത്തിനായി പി.ഡബ്ല്യു.ഡി 2.5 കോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് പരാതി. പുനർനിർമാണം വൈകുകയാണെങ്കിൽ പ്രദേശവാസികളെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ മുന്നറിയിപ്പ് നൽകി.

പ്രദേശവാസികളുടെ ഒപ്പുകളോടെയുള്ള നിവേദനം എസ്.ഡി.പി.ഐ ചെറ്റപ്പാലം ബ്രാഞ്ച് പ്രസിഡന്റ് എം.ടി. നിസാർ നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

ഫോട്ടോ ക്യാപ്ഷൻ: ചെറ്റപ്പാലം–വെള്ളിയൂർക്കാവ് ബൈപാസ് റോഡ് പുനർനിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചെറ്റപ്പാലം ബ്രാഞ്ച് പ്രസിഡന്റ് എം.ടി. നിസാർ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *