കമ്പളക്കാട്: കോട്ടത്തറ, വൈപ്പടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നിയമവുമായി കലഹിക്കുന്ന കുട്ടി പിടിയിൽ. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഹാജരാക്കി.
പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ വീടിന്റെ കിടപ്പുമുറിയിൽ വെച്ച് കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. നിയമവുമായി കലഹിക്കുന്ന കുട്ടി സമൂഹത്തിൽ നിന്നും ശല്യക്കാരനാണ്. മോഷണം, സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതിൽ നിരന്തരം ശല്യക്കാരനായതിനെ തുടർന്ന് സ്റ്റേഷനിൽ കൂടുതൽ പരാതികളും മുമ്പ് ലഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലും രണ്ട് തവണ കുട്ടിക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
24.05.2026 തീയതി വൈകിട്ടോടെയാണ് കോട്ടത്തറ, വൈപ്പടിയിൽ താമസിച്ചിരുന്ന കുത്തിനി വീട്ടിൽ പാത്തു (85) വിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയും സംഭവം കൊലപാതകമെന്ന് തെളിയുകയുമായിരുന്നു.
