മേപ്പാടി: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA)യുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി സോജൻ സി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രസ്റ്റി മുഹമ്മദ് ഷാ ക്ഷേമപദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
സംഘടനയിലെ അംഗങ്ങൾക്ക് ഒറ്റത്തവണയായി 5,000 രൂപ അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം. 90 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. പദ്ധതിയിൽ അംഗമായ ഒരാൾ മരണപ്പെട്ടാൽ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. മരണതുല്യമായ ഗുരുതര രോഗങ്ങൾ ബാധിച്ചാൽ കുടുംബത്തിന് ചികിത്സാ സഹായമായി 5 ലക്ഷം രൂപയും ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലാ പ്രസിഡന്റ് രാജേഷ് കെ.ആർ. അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ നിഷാദ് ആശംസകൾ നേർന്നു. മീഡിയ പബ്ലിസിറ്റി കൺവീനർ റിജിൽ ദേവസ്യ നന്ദി രേഖപ്പെടുത്തി.
