ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തോൺ; വയനാട്ടിൽ ഹൃദ്യമായ സ്വീകരണം

കൽപ്പറ്റ: ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന റോട്ടറി കേരളത്തോണിന് വയനാട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി.

മൂന്നാം ദിനമായ ഇന്ന് രാവിലെ 4.30ന് മാനന്തവാടിയിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം രാവിലെ 10 മണിയോടെ കൽപ്പറ്റയിൽ സമാപിച്ചു. വയനാട്ടിലെ എട്ട് റോട്ടറി ക്ലബ്ബുകളിലെ അംഗങ്ങൾ ചേർന്നാണ് കേരളത്തോൺ ഓട്ടക്കാരെ സ്വീകരിച്ചത്.

കുട്ടികളിലും മുതിർന്നവരിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. സ്ഥിരമായി ദിവസവും 42 കിലോമീറ്റർ ഓടുന്ന 14 പേരും വിവിധ സ്ഥലങ്ങളിൽ നിന്നായി ഒപ്പം ചേരുന്ന അമ്പതിലധികം പ്രാദേശിക ഓട്ടക്കാരും കേരളത്തോണിൽ പങ്കെടുക്കുന്നുണ്ട്.

ഓരോ ദിവസവും ഓട്ടത്തിനിടയിൽ വിവിധ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് കൂട്ടയോട്ടം മുന്നേറുന്നത്. കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തോൺ ഈ മാസം 14ന് തിരുവനന്തപുരത്ത് സമാപിക്കും. ഓരോ ജില്ലയിലും 42.2 കിലോമീറ്റർ വീതം ഉൾപ്പെടെ ആകെ 590 കിലോമീറ്റർ ഓടിയാണ് പരിപാടി പൂർത്തിയാക്കുന്നതെന്ന് കേരളത്തോൺ സംഘാടകനും കുമരകം റോട്ടറി പ്രസിഡന്റുമായ മധു കുമരകം അറിയിച്ചു.

കൽപ്പറ്റയിൽ നടന്ന സമാപന സമ്മേളനത്തിൽ വയനാട് റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ സണ്ണി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡോ. ടി.പി.വി. സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു, ഡോ. സാജൻ പണിക്കർ, ജോജിമോൻ, ക്രിസ്റ്റി പോൾ, സാജൻ കൽപ്പറ്റ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *