റെയ്ഡന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് അബ്ദുൾ നാസർ കുനിങ്ങാരത്ത്

വെല്ലൂരിലെ ചികിത്സയ്ക്കും സഹായം വാഗ്ദാനം ചെയ്ത് അൽകരാമ ഗ്രൂപ്പ്

വെള്ളമുണ്ട: എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരൻ റെയ്ഡന്റെ കുടുംബത്തിന് കൈത്താങ്ങുമായി അൽകരാമ ഗ്രൂപ്പ്. ചികിത്സ കഴിഞ്ഞ് കുട്ടി തിരിച്ചെത്തുമ്പോൾ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് അൽകരാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൾ നാസർ കുനിങ്ങാരത്ത് അറിയിച്ചു.

വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശിയായ ആൽബർട്ടോ റെയ്ഡൻ നിലവിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്. വെല്ലൂരിലെ ചികിത്സയ്ക്കും ആവശ്യമായ സഹായം നൽകുമെന്ന് അബ്ദുൾ നാസർ ഉറപ്പുനൽകി.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചികിത്സാ സഹായ കമ്മിറ്റി യോഗത്തിൽ പങ്കെടുത്താണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് അധികൃതരെയും ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളെയും അദ്ദേഹം വിവരം അറിയിച്ചു.

വെള്ളമുണ്ട സ്വദേശിയായ അബ്ദുൾ നാസറിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ സേവന സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അൽകരാമ ഗ്രൂപ്പിന്റെ ഈ വാഗ്ദാനം വെള്ളമുണ്ടയിലെ ജനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല പറഞ്ഞു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സൂപ്പി പള്ളിയാൽ, ടി. നാസർ, പി.ജെ. വിൻസെന്റ്, പി.ടി. ജോസ്, വി.ജെ. ജോയ്, ആർ.ജെ. ജോൺ, പി.സി. റെജി, പി.സി. ബെന്നി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *