പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് പേർ അറസ്റ്റിൽ

മാനന്തവാടി: രക്ഷിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന 16-കാരിയെ രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കൂട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കിഡ്നാപ്പിംഗ് കേസിൽ നാല് പ്രതികളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് ലിജു നിവാസിൽ അമൽ കൃഷ്ണ (19), കുറ്റിമൂല കള്ളമ്പറത്ത് ജിതിൻ കെ. എസ്. (22), എടവക കൊണിയൻമുക്ക് ചിറക്കൽ അജിത് കുമാർ സി. (22) എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 12-ന് രാത്രിയിലാണ് മാനന്തവാടി ടൗണിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. തുടർന്ന് അന്നേ ദിവസം അർധരാത്രിയോടെ മാനന്തവാടി കണിയാരം ഭാഗത്ത് നടന്ന ബൈക്ക് അപകടത്തിൽ പരിക്കേറ്റ നിലയിൽ അമൽ കൃഷ്ണയ്‌ക്കൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പോലീസ് ഇൻസ്പെക്ടർ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. കെ. സോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി.പി.ഒമാരായ നിസാർ, രമേഷ് എം. ആർ., അനീഷ് കെ. ആർ., ഷിന്റോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *