അമ്പലവയൽ : എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അമ്പലവയൽ പുതുക്കാട് ഭാഗത്ത് 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.
എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ അമ്പലവയൽ ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ വില്ലേജിൽ കുറ്റികൈത-പുതുക്കാട്-മഞ്ഞപ്പാറ റോഡിൽ പുതുക്കാട് ഭാഗത്ത് തടത്തിൽ പത്രോസ് മകൻ റെജി ടി പി (60) യുടെ പുരയിടത്തിൽ പരിശോധന നടത്തിയത്. 60 ഓളം ശിഖരങ്ങൾ അടങ്ങിയ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.
കഞ്ചാവ് വലിക്കാൻ ഉപയോഗിച്ചതിൽ നിന്ന് ലഭിച്ച കുരു മുളപ്പിച്ചെടുത്തതാണെന്ന് പ്രതി അധികൃതരോട് പറഞ്ഞു. 10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് എം, അനീഷ് ഇ എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ തുടർനടപടികൾക്കായി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
