പ്രതികൾ പിടിയിൽ
പുൽപ്പള്ളി: പുൽപ്പള്ളി ആനപ്പാറയിലെ വാടക ക്വാർട്ടേഴ്‌സിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. ഒരാൾ മരിച്ചു. താമരശ്ശേരി കൂടത്തായ് അപ്പുറത്ത് പൊയിൽ ലൈജു (40) ആണ് മരിച്ചത്. വെട്ടേറ്റ കൊല്ലം തഴവ വെട്ടുകൊല്ലി കിഴക്കേതിൽ ഷഫീഖ് അബ്ദുൾ സലാം (35) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കഴുത്തിനും പുറത്തും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് ലൈജു മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ പനീർ ശെൽവം (58), ശേഖർ (63) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വാടക ക്വാർട്ടേഴ്‌സിൽ പരാതിക്കാരും പനീർ ശെൽവവും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പനീർ ശെൽവം സുഹൃത്തായ ശേഖറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം. കത്തിയുമായി സ്ഥലത്തെത്തിയ ശേഖർ ഇരുവരെയും ആക്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ശേഖറിനെ പുൽപ്പള്ളി എസ്.ഐ. പവനനും സംഘവും രാത്രി തന്നെ പിടികൂടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
