ബംഗളൂരു: വയനാടും കർണാടകയും തമ്മിലുള്ള രാത്രി യാത്രാ നിരോധനം, മാനന്തവാടി–ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ, ബാവലി വഴിയുള്ള യാത്രാ നിരോധനത്തിന്റെ സമയദൈർഘ്യം കുറയ്ക്കൽ, വിലങ്ങാട്–മാനന്തവാടി–കുട്ട–മൈസൂരു–ബംഗളൂരു ഇടനാഴിക്കായുള്ള ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് മാനന്തവാടി എം.എൽ.എ ഉഷ വിജയൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു.
വയനാട് എം.പി. പ്രിയങ്ക ഗാന്ധിയും ഇക്കാര്യങ്ങൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബംഗളൂരുവിൽ ഉന്നതതല യോഗം വിളിച്ചുചേർക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി കർണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകി.
കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുമായും ഉഷ വിജയൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി വിഷയങ്ങൾ ചർച്ച ചെയ്തു.
ചർച്ചയിൽ വയനാട് ജില്ലാ യു.ഡി.എഫ് കൺവീനർ എച്ച്.ബി. പ്രദീപ്, സുമേഷ് മംഗലശ്ശേരി എന്നിവർ പങ്കെടുത്തു.
ഡിസംബറിൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഉഷ വിജയൻ എം.എൽ.എ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.
