വയനാട്: പനമരം ജീയോമിക്സ് യൂണിറ്റിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രികന് പരിക്കേറ്റു. മില്ല്മുക്ക് സ്വദേശിയായ സഞ്ജയ് (18) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. യുവാവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരിട്ടി സ്വദേശി ഷെർവിൻ (28) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്.
മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സഞ്ജയിയുടെ കൈകാലുകൾക്കും, ഷെർവിൻ്റെ തോളിനുമാണ് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്.
ഇരുവരും നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
ഇവരുടെ പരിക്കുകൾ അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
