​കള്ളാടി മണ്ണിടിച്ചിൽ: അധികൃതരുടെ അനാസ്ഥ തൊഴിലാളികളെ കുരുതിക്കൊടുത്തു – എസ്‌ഡിപിഐ

​കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തൊഴിലാളികൾ മരണപ്പെടാനിടയായത് അധികൃതരുടെയും നിർമ്മാണ ഏജൻസിയുടെയും ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളുണ്ടായിട്ടും അപകടം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
​കാലവർഷം വൈകിയെത്തിയ സാഹചര്യത്തിൽ പദ്ധതിപ്രദേശത്ത് കുന്നിടിച്ച് നീക്കിയ മണ്ണ് സുരക്ഷിതമായി മാറ്റുന്നതിനും പ്രദേശത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും മതിയായ സമയം ലഭിച്ചിട്ടും അധികൃതർ അത് വിനിയോഗിച്ചില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ദുരന്തസാധ്യത കണക്കിലെടുത്ത് പദ്ധതിപ്രദേശത്തുനിന്ന് മുഴുവൻ പ്രദേശവാസികളെയും തൊഴിലാളികളെയും ഒഴിപ്പിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കാണിച്ച കടുത്ത വീഴ്ചയാണ് പാവപ്പെട്ട തൊഴിലാളികളുടെ ജീവൻ അപഹരിക്കാൻ ഇടയാക്കിയത്.
​മരണമടഞ്ഞ ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായവും കുടുംബത്തിലെ ഒരംഗത്തിന് സ്ഥിരം തൊഴിലും നൽകാൻ സർക്കാർ തയ്യാറാകണം. പരിക്കേറ്റ എല്ലാവർക്കും സൗജന്യവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുന്നതിനോടൊപ്പം 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും അനുവദിക്കണം. വീടും സ്ഥലവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും സുരക്ഷിതമായ സ്ഥലങ്ങളിൽ സ്ഥിരം പുനരധിവാസവും സർക്കാർ ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കണം. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നിർമാണ പദ്ധതികളിലും ശാസ്ത്രീയ സുരക്ഷാ മാനദണ്ഡങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും കർശനമായി പാലിക്കണമെന്നും ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു.
​ദുരന്തത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട പാവപ്പെട്ട തൊഴിലാളികളുടെ വേർപാടിൽ എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും സഹോദര തുല്യമായ അനുശോചനവും രേഖപ്പെടുത്തുന്നതായും കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *