മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പതിനാലുകാരിയായ സ്കൂള്‍ വിദ്യാർത്ഥിനിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കുക.

വ്യാഴാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയില്‍വേ സ്റ്റേഷന് സമീപത്തെ പുള്ളിപ്പാടം റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആണ്‍സുഹൃത്ത്‌ മൊഴി നല്‍കിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് തവനൂർ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. വ്യാഴാഴ്ച രാവിലെ രാവിലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. വൈകുന്നേരം ആറുമണിയോടെ ഒരു ഫോണില്‍ നിന്ന് താൻ അല്പം വൈകുമെന്ന് പെണ്‍കുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു.ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ രാത്രി തന്നെ പൊലീസ് തൊടികപ്പുലം റെയില്‍വേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *