മുട്ടവില കൂട്ടിയവര്‍ക്ക് എട്ടിന്റെ പണി! ഒമാന്റെ തീരുമാനം കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും

▪️സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന മുട്ടവില വരുംദിവസങ്ങളില്‍ വലിയതോതില്‍ കുറഞ്ഞേക്കും. ഇന്ത്യയുടെ മുട്ട ഹബ്ബായ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് ആഭ്യന്തര വിപണിയിലേക്കുള്ള മുട്ടവരവ് വര്‍ധിച്ചതാണ് കാരണം.

ഒക്ടോബറില്‍ മുട്ട ഒന്നിന് 6.30 രൂപയായിരുന്നു ചില്ലറവില. എന്നാല്‍, പിന്നീട് വില കുത്തനെ കയറുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. നവംബര്‍ പകുതിയോടെ വില 9 രൂപയ്ക്ക് അടുത്തെത്തി.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടനിലക്കാരാണ് വില കൂട്ടാന്‍ ആസൂത്രിത നീക്കം നടത്തിയത്. ക്രിസ്മസ്-ന്യൂഇയര്‍ കാലത്ത് കേക്ക് നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മുട്ടയുടെ ഉപയോഗം വര്‍ധിക്കുന്ന സമയമാണ്. വിപണിയിലെ അനുകൂല സാഹചര്യം മുതലെടുക്കാനാണ് ഇടനിലക്കാര്‍ വില കുത്തനെ ഉയര്‍ത്തിയത്.

ഇപ്പോഴെന്ത് സംഭവിച്ചു?

ഇടനിലക്കാരുടെ പ്രതീക്ഷകളെ ഇപ്പോള്‍ തച്ചുടച്ചത് ഒമാന്റെ നിലപാടാണ്. ഈ ഗള്‍ഫ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ മുട്ട കയറ്റിയയ്ക്കുന്നത് നാമക്കല്ലില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചത്. ഇതോടെ ആറുകോടി മുട്ടകളാണ് നാമക്കല്ലിലെ ഫാമുകളില്‍ കെട്ടിക്കിടക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് 36.79 കോടി മുട്ടകള്‍ കയറ്റിയയച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 4.53 കോടി ഡോളറായിരുന്നു കയറ്റുമതി മൂല്യം. നാമക്കല്ലില്‍ നിന്നുള്ള മുട്ട കയറ്റുമതിയുടെ 20-25 ശതമാനം വരും ഒമാന്റെ വിഹിതം.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള ചരക്കുനീക്ക തടസങ്ങളും ഉയര്‍ന്ന ഗതാഗതച്ചെലവും നാമക്കല്ലിലെ കയറ്റുമതിയെ നേരത്തേ തന്നെ ബാധിച്ചിരുന്നു. പുതിയ ഇറക്കുമതി നിയന്ത്രണം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും.

കേരള മാര്‍ക്കറ്റില്‍ എന്തു സംഭവിക്കും?

നവംബര്‍ 7 മുതല്‍ 22 വരെ നാമക്കല്ലിലെ മുട്ട സംഭരണവിലയില്‍ 1.10 രൂപയുടെ കുറവുണ്ടായി. ഏകദേശം 16 ശതമാനത്തിന്റെ ഇടിവ്. ശബരിമല സീസണ്‍ തുടങ്ങിയതിനാല്‍ ദക്ഷിണേന്ത്യയില്‍ മുട്ട ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്. കയറ്റുമതിയില്‍ തടസങ്ങളുണ്ടായതും ആഭ്യന്തര വിപണിയിലെ വില്‍പന പ്രതിസന്ധിയും മുട്ടവിപണിയെ സ്വാധീനിക്കും. വരുംദിവസങ്ങളില്‍ വില ഇനിയും താഴുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *