നിലമ്ബൂർ വനത്തില്‍ നിന്ന് സ്വർണ ഖനനം ചെയ്ത കേസില്‍ ഏഴ് പേർ പിടിയില്‍. മമ്ബാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്.
റസാക്, ജാബിർ , അലവികുട്ടി , അഷറഫ്, സക്കീർ , ഷമീം , സുന്ദരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും.
മോട്ടോർ പമ്ബ് സെറ്റ് ഉപയോഗിച്ച് മണല്‍ ഊറ്റി സ്വർണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. നിലമ്ബൂർ വനമേഖലയില്‍ മരുത ഭാഗം മുതല്‍ നിലമ്ബൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളില്‍ മണലില്‍ സ്വർണത്തിന്റെ അംശമുണ്ട്. നിലമ്ബൂർ റെയിഞ്ച് പനയങ്കോട് സെക്ഷൻ പരിധിയില്‍ ആയിര വല്ലികാവ് മേഖലയില്‍ വെച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ പ്രതികള്‍ സ്വർണം അരിച്ചെടുക്കുകയായിരുന്നു. പ്രതികള്‍ കുറെ അധികം ദിവസങ്ങളായി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നിലമ്ബൂർ നോർത്ത് ഡിഎഫ്‌ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്ബൂർ റെഞ്ച് ഓഫീസർ സൂരജ് വേണുഗോപാലും സംഘവും ആണ് പ്രതികളെ പിടികൂടിയത്.
